Friday, February 19, 2016

ശംസുല്‍ ഉലമായെ അനുധാവനം ചെയ്ത സൈനുല്‍ ഉലമാ

മുസ്തഫ  മുണ്ടുപാറ 


ശംസുല്‍ ഉലമയെ ഇഞ്ചോടിഞ്ച് അനുധാവനം ചെയ്യാന്‍ ശ്രമിച്ച വ്യക്തിത്വമായിരുന്നു സൈനുല്‍ ഉലമാ ചെറുശ്ശേരി ഉസ്താദ്. ഈയിടെ മരണപ്പെട്ട തൊഴിയൂര്‍ എം.കെ.എം കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെ ജനാസ സന്ദര്‍ശിക്കാന്‍ പോയ സന്ദര്‍ഭം. ചേളാരിയില്‍നിന്നു പുറപ്പെട്ട ഇന്നോവ കാറില്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ മോയിന്‍കുട്ടി മാസ്റ്റര്‍, ആലിബാവ, ഹംസക്കോയ തുടങ്ങിയവരോടൊപ്പം ഈ കുറിപ്പുകാരനുമുണ്ടണ്ട്.
ഉസ്താദിനെ കൂട്ടുന്നതിനായി ഞങ്ങള്‍ ദാറുല്‍ ഹുദയിലെത്തി. അല്‍പനേരം കാത്തിരുന്ന ശേഷം ഉസ്താദ് ക്ലാസ് കഴിഞ്ഞെത്തി.
കാറിന്റെ മുന്‍ സീറ്റ് ഉസ്താദിനു വേണ്ടണ്ടി ഒഴിച്ചിട്ടിട്ടുണ്ടണ്ടായിരുന്നു. എന്നാല്‍ ഉസ്താദ് ആ സീറ്റിലിരിക്കാന്‍ തയാറായില്ല. തൊട്ടുപിറകിലെ സീറ്റിലിരുന്നിരുന്ന മോയിന്‍കുട്ടി മാസ്റ്ററോട് മുന്നിലെ സീറ്റിലേക്കിരിക്കാന്‍ ആവശ്യപ്പെട്ടു. മധ്യഭാഗത്തെ ഇടതു ഭാഗം സീറ്റില്‍ ഉസ്താദ് ഇരുന്നു.
ശംസുല്‍ ഉലമാ കാറില്‍ യാത്ര ചെയ്യുമ്പോള്‍ എപ്പോഴും ഈ സീറ്റിലാണിരുന്നതെന്നു ഞങ്ങളെ ഓര്‍മപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നു ശംസുല്‍ ഉലമയെക്കുറിച്ചു ദീര്‍ഘമായി സംസാരിച്ചു. പ്രസംഗങ്ങളിലും പെരുമാറ്റങ്ങളിലും ശംസുല്‍ ഉലമയെ അനുസ്മരിക്കാനും അനുകരിക്കാനും മറന്നില്ല. നിര്‍ണായക വിഷയങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ ആ വിഷയത്തില്‍ ശംസുല്‍ ഉലമയുടെ നിലപാടെന്തായിരുന്നുവെന്നു നിരീക്ഷിക്കുകയും അതിനു വിരുദ്ധമാവാത്ത വിധം തീരുമാനമെടുക്കുകയും ചെയ്തു.
ശംസുല്‍ ഉലമയെ പോലെ നിലപാടുകളില്‍ കര്‍ക്കശം പാലിക്കുകയും, എന്നാല്‍ പ്രായോഗികതയെ നിരാകരിക്കാതിരിക്കാനും ശ്രമിച്ചു.
നാലു പതിറ്റാണ്ടണ്ടുകാലം സമസ്തയെന്ന മഹാ പ്രസ്ഥാനത്തിന്റെ അമരത്തിരുന്നിരുന്ന ശംസുല്‍ ഉലമയെ സൈനുല്‍ ഉലമ അത്രയേറെ സ്‌നേഹിച്ചിരുന്നു.
തന്റെ പിന്‍ഗാമി ആരായിരിക്കണമെന്നു ജീവിതകാലത്തുതന്നെ ചില സൂചനകളിലൂടെ ശംസുല്‍ ഉലമ വ്യക്തമാക്കിയിരുന്നു.
ശംസുല്‍ ഉലമയ്ക്കു ശേഷം സമസ്തയുടെ മുഖ്യ കാര്യദര്‍ശിയെന്ന നിയോഗം ചെറുശ്ശേരി ഉസ്താദിലെത്തിച്ചേര്‍ന്നതു കേവലം യാദൃശ്ചികതയായിരുന്നില്ല. അവര്‍ തമ്മിലുണ്ടണ്ടായിരുന്ന ആത്മബന്ധം അത്രമേല്‍ സുദൃഢമായിരുന്നു.

കടപ്പാട്: സുപ്രഭാതം
ലിങ്ക്: http://suprabhaatham.com/item/201602117806

ദന്തഗോപുരം കൊതിക്കാത്ത മാതൃകാപുരുഷന്‍

എ. സജീവന്‍
ചെറുശ്ശേരി ഉസ്താദിനെ ആദ്യമായി പരിചയപ്പെട്ടപ്പോള്‍ മനസിലേയ്ക്ക് ഓടിയെത്തിയത് പണ്ട് സ്‌കൂളില്‍ പഠിച്ച ഒരു കവിതാശകലമായിരുന്നു.
'മരങ്ങള്‍ താഴുന്നു ഫലാഗമത്തിനാല്‍
പരംനമിക്കുന്നു ഘനം നവാംബുവാല്‍
സമൃദ്ധിയാല്‍ സജ്ജനമൂറ്റമാര്‍ന്നിടാ
പരോപകാരിക്കിതുതാന്‍ പ്രമാണമാം.'
എളിമയുടെ, ലാളിത്യത്തിന്റെ പര്യായമായാണ് ചെറുശ്ശേരി ഉസ്താദിനെ എനിക്കെന്നും അനുഭവപ്പെട്ടിട്ടുള്ളത്. ലക്ഷക്കണക്കിന് അനുയായികളുള്ള, വടവൃക്ഷംപോലെ വ്യാപിച്ചുനില്‍ക്കുന്ന പ്രസ്ഥാനത്തിന്റെ അമരക്കാരനാണു താനെന്ന തലക്കനം ലവലേശമില്ലാതെ തന്റെ മുന്നില്‍നില്‍ക്കുന്നവന്റെ നിലയിലേക്ക് അനായാസം ഇറങ്ങിവരാന്‍ കഴിവുള്ള മഹാന്‍ എന്ന ചിന്ത അദ്ദേഹത്തെ കാണുമ്പോഴെല്ലാം മനസിലേയ്ക്കു കടന്നെത്താറുണ്ടായിരുന്നു.
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുമായി അടുത്തബന്ധമുണ്ടായിരുന്നു എന്നു ഞാന്‍ പറഞ്ഞാല്‍ അത് അസത്യവും അധികപ്രസംഗവുമായിരിക്കും. പത്രപ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ അദ്ദേഹത്തെ എനിക്കറിയാം. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകന് കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ നായകന്മാരെ അറിയാതിരിക്കാനാകില്ല. കോഴിക്കോട്ടെ പത്രപ്രവര്‍ത്തകര്‍ നിത്യവും കൈകാര്യം ചെയ്യേണ്ട വിഷയങ്ങളിലൊന്ന് മുസ്‌ലിം പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടവയായിരിക്കും. അക്കാരണത്താല്‍ത്തന്നെ സമസ്ത നേതാക്കളുള്‍പ്പെടെയുള്ളവരെക്കുറിച്ചെല്ലാം നന്നായി പഠിച്ചുവച്ചിരുന്നു.
അത്തരത്തില്‍ എനിക്കു പരിചയമുള്ള  മതപണ്ഡിതനായിരുന്നു ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍. കേരളകൗമുദിയുടെ ലേഖകനായിരിക്കുമ്പോള്‍ ഒന്നുരണ്ടുതവണ നേരില്‍ പരിചയപ്പെട്ടിട്ടുണ്ട്. ആ പരിചയംവച്ച് അദ്ദേഹം എന്റെ പേരോ മുഖമോ ഓര്‍ക്കില്ലെന്നുറപ്പ്. എങ്കിലും ഒരു കാര്യം തുറന്നുപറയട്ടെ, ആ പെരുമാറ്റത്തിലെ വശ്യത എന്നെ അന്നേ ആകര്‍ഷിച്ചിരുന്നു. ആവേശകരമായ കെട്ടിപ്പിടിക്കലില്ല, ഇല്ലാത്ത പരിചയമുണ്ടെന്നു ഭാവിക്കലില്ല, വാതോരാത്ത സംസാരമില്ല. തികച്ചും ലാളിത്യത്തോടെ മിതമായ വാക്കുകളില്‍ ഒന്നോ രണ്ടോ കുശലാന്വേഷണങ്ങള്‍  മാത്രം. എന്നാല്‍, ആ മിതത്വത്തില്‍ ആത്മാര്‍ഥത നിറഞ്ഞുനിന്നിരുന്നു.
രാഷ്ട്രീയ, സാമുദായിക, സാമൂഹിക സംഘടനകളുടെ സാരഥികളില്‍ പലരെയും അടുത്തറിയാം. മലയാളസാഹിത്യകാരന്മാരില്‍ പലരെയും വ്യക്തിപരമായി നല്ല പരിചയമുണ്ട്. ഈ പരിചയവും അടുപ്പവുംവച്ചു തുറന്നുപറയട്ടെ, അവരില്‍ ബഹുഭൂരിപക്ഷവും പൊയ്ക്കാലുമായി ജീവിക്കുന്നവരാണ്. അവനവന്റെ വ്യക്തിത്വത്തിനും കഴിവിനുമപ്പുറത്ത് സ്വയംതീര്‍ത്ത ദന്തഗോപുരങ്ങളില്‍ സ്വയം അവരോധിച്ചവരാണ് അവരിലേറെയും. താന്‍ വഹിക്കുന്ന പദവി മറ്റുള്ളവരാല്‍ ആദരിക്കപ്പെടേണ്ടതാണെന്നും പദവിയിലിരിക്കുന്ന തന്നെ മറ്റുള്ളവരെല്ലാം ആദരിച്ചേ മതിയാകൂവെന്നും നിര്‍ബന്ധമുള്ളവരാണ് അത്തരക്കാര്‍. സ്വയം രാജപദവിയിലിരുത്തിയ അത്തരക്കാരില്‍ രാഷ്ട്രീയക്കാരും സാഹിത്യകാരന്മാരും കലാകാരന്മാരും സാമൂഹിക നായകന്മാരും മാത്രമല്ല സാമുദായിക നേതാക്കന്മാര്‍പോലുമുണ്ട് എന്നു നമുക്കറിയാം.
അവരില്‍നിന്നു വിഭിന്നമായ വ്യക്തിത്വമായാണ് ചെറുശ്ശേരി ഉസ്താദിനെപ്പോലുള്ളവര്‍ എന്റെ മനസ്സിലേക്കു കടന്നുവന്നത്. പ്രഥമദര്‍ശനത്തില്‍ത്തന്നെ ഹൃദയത്തില്‍ ഇടംനേടിയ വ്യക്തിത്വം. അതിനെന്തു കാരണമെന്നു പലപ്പോഴും ചിന്തിച്ചുനോക്കിയിട്ടുണ്ട്. കിട്ടിയ ഉത്തരം  ഇതാണ്. ചെറുശ്ശേരി ഉസ്താദ് സ്വയംനിര്‍മിച്ച ദന്തഗോപുരത്തില്‍ വസിക്കാന്‍ ഇഷ്ടപ്പെട്ടയാളല്ല. ലാളിത്യത്തിന്റെ പര്യായമായിരുന്നു അദ്ദേഹം. അനാവശ്യ വാചാലതയുടെ ബഹളത്തിലൂടെ ഒരിടത്തും അദ്ദേഹം സാന്നിധ്യമറിയിക്കാന്‍ ശ്രമിച്ചിട്ടില്ല. ശ്രദ്ധപിടിച്ചുപറ്റുന്നതില്‍ തല്‍പ്പരനേ ആയിരുന്നില്ല. അതേസമയം, മറ്റുള്ളവര്‍ അദ്ദേഹത്തെ അറിയാതെ ശ്രദ്ധിച്ചുപോകും.
'സുപ്രഭാതം' ദിനപത്രം ആരംഭിക്കുന്ന ഘട്ടത്തിലാണ് ചെറുശ്ശേരി ഉസ്താദിനെ കുറച്ചുകൂടി അടുത്തറിയാന്‍ അവസരം കിട്ടിയത്. സുപ്രഭാതം ദിനപത്രം 2014 ആഗസ്റ്റ് ഒന്നാംതിയതി പ്രസിദ്ധീകരിക്കാനാണ് ആദ്യം തീരുമാനിച്ചത്. ഒരു എഡിഷനോടെ തുടങ്ങാമെന്ന ധാരണയിലാണ് ഞങ്ങള്‍ എഡിറ്റോറിയല്‍ വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍,  സര്‍ക്കുലേഷനിലെ ഭീമമായ വര്‍ധനമൂലം എഡിഷനുകളുടെ എണ്ണം കൂട്ടിയേ തീരൂവെന്ന സമ്മര്‍ദ്ദം മാനേജ്‌മെന്റില്‍നിന്നു വന്നു. എങ്കില്‍, തുടങ്ങുന്നതിന്റെ തിയതി കുറച്ചുനാള്‍കൂടി വൈകിച്ചാലോ എന്ന അഭിപ്രായം ഞങ്ങള്‍ മുന്നോട്ടുവച്ചു. പക്ഷേ, തിയതി മാറ്റാനാകില്ല എന്നായിരുന്നു മാനേജ്‌മെന്റിന്റെ നിലപാട്.
കാരണവും അവര്‍ പറഞ്ഞു, ആ തിയ്യതി ചെറുശ്ശേരി ഉസ്താദ് പ്രഖ്യാപിച്ചതാണ്. അദ്ദേഹം തീരുമാനിച്ച തിയ്യതി മാറ്റുന്നതു ശരിയല്ല. ഒരു പ്രസ്ഥാനായകനോട് സഹപ്രവര്‍ത്തകര്‍ക്കും ശിഷ്യന്മാര്‍ക്കും അണികള്‍ക്കും എത്രമാത്രം ആദരവുണ്ടെന്നു ബോധ്യമായത് അപ്പോഴാണ്. പിന്നീട്, തിയതിയിലൊരു ചെറിയ മാറ്റം വരുത്തിയതുപോലും അദ്ദേഹത്തിന്റെ അനുമതിയോടെയായിരുന്നു. അതു പിടിച്ചുവാങ്ങിയ ആദരവായിരുന്നില്ല, അനുയായികളും ശിഷ്യന്മാരും സഹപ്രവര്‍ത്തകരും അറിഞ്ഞുനല്‍കിയ ആദരവായിരുന്നു. അത്തരത്തില്‍ ബഹുമാനിക്കപ്പെടാന്‍ സുകൃതം ചെയ്യണം.
ലാളിത്യത്തോടെ ജീവിക്കുകയും എല്ലാവരിലേക്കും സ്‌നേഹവും ബഹുമാനവും പ്രസരിപ്പിക്കുകയും ചെയ്യുന്നവരെയാണ് സജ്ജനം എന്നു പറയുന്നത്. എത്ര ഫലം കായ്ക്കുന്നവോ അത്രയും താഴ്മ പ്രദര്‍ശിപ്പിക്കുന്ന ഫലവൃക്ഷം പോലെ അവരുടെ ജീവിതം മാതൃകാപരമായിരിക്കും. എന്റെ കണ്ണില്‍, മാതൃകാപരമായ ജീവിതം നയിച്ച മനുഷ്യസ്‌നേഹിയാണ് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍.

കടപ്പാട്: സുപ്രഭാതം
ലിങ്ക്: http://suprabhaatham.com/item/201602117818